വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ ഈയിനത്തിൽ ചെലവിടുമ്പോൾ അതിൽ ഏറിയ പങ്കും വിദേശ യാത്രകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻപ് ഇന്ത്യക്കാരുടെ ഇഷ്ട വിദേശ ഡെസ്റ്റിനേഷൻ യൂറോപ്പ് ആയിരുന്ന രീതിക്ക് മാറ്റം സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം യൂറോപ്പിനെ മറികടന്ന് ഏറ്റവുമധികം ഇന്ത്യക്കാർ യാത്ര ചെയ്ത രാജ്യങ്ങൾ കസാഖിസ്താനും, അസർബൈജാനും, ഭൂട്ടാനുമാണെന്ന് ട്രാവൽ വെബ്‌സൈറ്റായ മേക്ക് മൈ ട്രിപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കസാഖിസ്താനിലെ അൽമാട്ടിയും അസര്ബൈജാനിലെ ബാകുവും ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ നഗരങ്ങളിൽ ഉൾപ്പെടുന്നു.
വർഷത്തിൽ ഒരു തവണയെങ്കിലും വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 32% വർധനയുണ്ട്. ആഡംബര യാത്രകളോട് ഇൻഡ്യക്കാർക്കുള്ള പ്രിയവും കൂടുകയാണ്. കഴിഞ്ഞ വർഷം ബുക്ക് ചെയ്ത ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ എണ്ണത്തിലുണ്ടായ 10% വർധനയും ശ്രദ്ധേയമാണ്. സീസണൽ വ്യത്യാസമില്ലാതെ വർഷത്തിൽ എല്ലാ സമയത്തും ഇന്ത്യക്കാർ വിദേശയാത്ര നടത്താറുണ്ടെന്നതാണ് പഠനങ്ങളിൽ വെളിപ്പെട്ട മറ്റൊരു പ്രധാന കാര്യം.