ലഭിക്കുന്നത് 5 വർഷത്തെ മൾട്ടിപ്പിൾ എൻടി വിസ
ബാങ്കോക്ക്: രാജ്യത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ‘ഡെസ്റ്റിനേഷൻ വീസ’ (ഡിടിവി) അവതരിപ്പിച്ച് തായ്‌ലൻഡ്.
5 വർഷമാണ് വിസ കാലാവധി. മൾട്ടിപ്പിൾ എൻട്രി സൗകര്യവും ലഭിക്കും. ഉടമകൾക്ക് ഓരോ വർഷവും 180 ദിവസം വരെ രാജ്യത്ത് താമസിക്കാൻ അനുവാദം നൽകുന്നു. 180 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. ടൂറിസ്റ്റ് വീസകളിൽ നിന്ന് വ്യത്യസ്തമായി ഡിടിവി ഉടമകൾക്ക് 5 വർഷം വരെ തായ്‌ലൻഡിൽ താമസിക്കാൻ സാധിക്കും.
മൾട്ടിപ്പിൾ എൻട്രി വിസ ആയതിനാൽ വിസ സാധുവായിട്ടുള്ള കാലയളവിൽ രാജ്യത്തേക്ക് തിരിച്ചു വരാനും പോകാനും തടസമില്ല.
തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ സമാന വീസകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിടിവിയുടെ ഫീസും വരുമാന ആവശ്യകതകളും താരതമ്യേന മിതവും ശരാശരിക്കാർക്ക് പോലും താങ്ങാവുന്നതുമാണ്.
വീദൂര തൊഴിലാളികളെയും, ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ജോലി ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ തൊഴിലാളികളെയും ആണ് പ്രധാനമായും ഈ വിസ ലക്ഷ്യമിടുന്നത്.
ഡിടിവി ഉടമകൾക്ക് അവരുടെ പങ്കാളിയെയും 20 വയസ്സിന് താഴെയുള്ള കുട്ടികളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമുണ്ട്.