രാജ്യത്തെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങൾക്ക് ഇനി മുൻകൂർ അനുമതി നിർബന്ധമാണെന്ന് ബഹ്റൈൻ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി.
ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നത് 2024 ഒക്ടോബർ 18 മുതൽ നിരോധിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കായി അതോറിറ്റി തയ്യാറാക്കിയിട്ടുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഈ രംഗത്തെ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്.
പരസ്യപ്പെടുത്തിയ പ്രോപ്പർട്ടിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ മറച്ചുവെക്കുന്നത് ഒഴിവാക്കി സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരും വസ്തുവിന്റെ വില്പനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നവരും യഥാർത്ഥ ഉടമയിൽ നിന്ന് സമ്മതിപത്രം കൈപ്പറ്റിയിരിക്കണമെന്നും വ്യവസ്ഥയിലുണ്ട്.
പ്രോപ്പർട്ടിയുടെ യഥാർത്ഥ ചിത്രങ്ങളാണ് പരസ്യത്തിൽ ഉപയോഗിക്കേണ്ടതെന്നും മാറ്റം വരുത്തിയ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.