ലോകമെമ്പാടുമുള്ള ബിസിനസുകളെയും ഉപയോക്താക്കളെയും ബാധിച്ച് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാര്‍.
യുഎസിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എയർലൈൻ-റെയിൽ സർവീസുകളുടെയും, ബാങ്കുകളുടെയും, ഐടി-മാധ്യമ കമ്പനികളുടെ പ്രവർത്തനത്തെ പ്രതിസന്ധി ബാധിച്ചു. സാങ്കേതിക തകരാർ മൂലം നിരവധി വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അസുറിനെ ബാധിച്ച തകരാറാണ് എയർലൈനുകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതെന്നാണ് വിവരം. വിവിധ ഭൂപ്രദേശങ്ങളെയും വാണിജ്യ മേഖലകളെയും ബാധിച്ച ലോകത്തെ ഏറ്റവും വലിയ ഐടി സ്തംഭനമായി പ്രതിസന്ധിയെ വിദഗ്ധർ വിലയിരുത്തുന്നു.
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നം.
ഇന്ത്യയിലെ വിവിധ കമ്പനികളുടെ പ്രവർത്തനത്തെ പ്രശ്നം ബാധിച്ചു. ദില്ലി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ ഉണ്ടായി. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ പ്രവർത്തനത്തെയും ബാധിച്ചു. ബാങ്കിംഗ് മേഖലയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നാണ് ആർബിഐ വിലയിരുത്തൽ.
ആഗോള സാങ്കേതിക തകരാർ പ്രശ്നം മൂലം മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യത്തിൽ 1.9 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.