തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ നങ്കൂരമിട്ടു. ‘മാറിൻ അസൂർ’ എന്ന കപ്പലാണ് തിങ്കളാഴ്ച എത്തിയത്. തീരത്തെത്തുന്ന ആദ്യ ഫീഡർ കപ്പലാണിത്. ആദ്യമെത്തിയ കണ്ടെയിനർ കപ്പൽ സാൻ ഫെർണാണ്ടോ തിങ്കളാഴ്ച കൊളംബോയിലേക്ക് നീങ്ങി. ‘മാറിൻ അസൂറിൽ നിന്നുള്ള ചരക്ക് ഇറക്കി തുടങ്ങി.
സാൻ ഫെർണാണ്ടോയെ യാത്രയാക്കിയ രണ്ട് ക്യാപ്റ്റൻമാർ തന്നെയാണ് മാറിൻ അസൂറിനെ സ്വീകരിച്ച് വിഴിഞ്ഞം ബർത്തിലേക്ക് നയിച്ചത്. 250 മീറ്റർ നീളവും 30 മീറ്റർ വീതിയും ഉള്ളതാണ് കപ്പൽ. 338 കണ്ടെയിനറുകൾ വിഴിഞ്ഞത്ത് ഇറക്കും. 798 എണ്ണം തിരികെ കയറ്റും. മാറിൻ അസൂറി ഈ കണ്ടെയിനറുകൾ മുംബൈ അടക്കമുള്ള തുറമുഖങ്ങളിൽ എത്തിക്കും.
ഏതാനും ദിവസത്തിനകം ലോകത്തെ ഏറ്റവും വലിയ കണ്ടെയിനർ കപ്പലുകളിലൊന്ന് വിഴിഞ്ഞത്ത് എത്തും. നിരവധി ചെറു കപ്പലുകളും എത്തുന്നുണ്ട്.
കമ്മീഷനിങിന് മുൻപെ ട്രയൽ റൺ ഘട്ടത്തിൽ തന്നെ വിഴിഞ്ഞം സജീവമാകുന്നു എന്നത് ശ്രദ്ധേയമാണ്. പൂർണ ഓട്ടോമേഷൻ രീതിയിലാണ് കയറ്റിറക്ക് നടക്കുന്നത്. മദർ ഷിപ്പുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെൻ്റ് ടെർമിനലാണ് വിഴിഞ്ഞത്തേത്.
അന്താരാഷ്ട്ര കപ്പൽ ചാലിലെ ഒരു സുവർണ ബിന്ദുവായി വിഴിഞ്ഞം വിശേഷിപ്പിക്കപ്പെടുന്നു.