ലണ്ടൻ: ബ്രിട്ടൻ്റെ ജനസംഖ്യാ വർധനവ് റെക്കോർഡിട്ടു. കുടിയേറ്റമാണ് കാരണം. കഴിഞ്ഞ ഒരു വർഷത്തിൽ 10 ലക്ഷത്തിലധികം വിദേശികളാണ് ബ്രിട്ടനിലെത്തിയത്. ഇംഗ്ലണ്ടിലും വെയിൽസിലുമായി ജനസംഖ്യ 6 കോടി 10 ലക്ഷം പിന്നിട്ടു. 89 ലക്ഷമാണ് ലണ്ടനിലെ മാത്രം ജനസംഖ്യ.
മുക്കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജനസംഖ്യാ വർധന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നും 10,00,084 പേര് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 2023 ൽ കുടിയേറിയപ്പോള്‍ ഇവിടെ നിന്നും വിദേശങ്ങളിലെക്ക് പോയത് 4,62,000 പേരത്രെ. ഇതുമൂലം രാജ്യത്തെ ജനസംഖ്യയില്‍ ഉണ്ടായ മൊത്ത വര്‍ദ്ധനവ് 6,22,000 ആണ്.
യുകെയിലെ ജനന മരണ നിരക്കുകൾ ഏതാണ്ട് സന്തുലിതമായി തുടരുകയാണ്.
1948 ല്‍ ഉണ്ടായ വന്‍ വര്‍ദ്ധനക്ക് ശേഷമുള്ള ഏറ്റവും വലിയ ജനസംഖ്യാ വര്‍ദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 1948 – രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പല ബ്രിട്ടീഷ് കോളനികളും സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷുകാർ തിരികെ മടങ്ങിയതാണ് അന്ന് ജനസംഖ്യ ഉയരാന്‍ ഇടയാക്കിയത്.
സ്കോട്ട്ലാന്‍ഡിലേക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കും താമസം മാറ്റുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ഇത് യുകെയിലെ ജനസംഖ്യ പിടിച്ചു നിറുത്തുന്നതിന് ഒട്ടൊക്കെ സഹായിച്ചിട്ടുണ്ട്.