മസ്കറ്റ്: 2030ഓടെ ഒമാന്റെ തൊഴിൽ-വ്യാപാര രംഗത്ത് ഇ-കോമേഴ്സ് വിപണിയുടെ ലക്ഷ്യം 657 കോടി ഡോളറാണെന്ന് ഐഒഎൻ എൽഎൽസിയുടെ സിഇഒയും സഹസ്ഥാപകനുമായ മൊആവിയ അൽ റവാസ്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഒമാൻ ജോബ്ഫെയറിൽ സംസാരിക്കവെയാണ് ഈ രംഗത്ത് ഒമാന്റെ വിപുലമായ സാധ്യതകളെയും അവസരങ്ങളെയും അദ്ദേഹം പരാമർശിച്ചത്. ഒമാനിലെ 69.5% പേരും സ്വകാര്യമേഖലയിലാണ് ജോലിചെയ്യുന്നത്. 16.2% പൊതു മേഖലയിലും, 14.3% പേർ മറ്റുമേഖലകളിലുമാണ് പ്രവർത്തിക്കുന്നത്. പൊതുമേഖലയിൽ ജോലിചെയ്യുന്ന 346,460 പേരിൽ 84% സ്വദേശികളാണ്. എന്നാൽ, സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന 218,000 പേരിൽ 14% മാത്രമാണ് ഒമാനി പ്രാതിനിധ്യമുള്ളത്. നിലവിലെ സ്ഥിതിവിവരക്കണക്കുകളെയും പ്രവചനങ്ങളെയും ആധാരമാക്കി രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക വളർച്ചക്കുമുള്ള സാധ്യതകളെക്കുറിച്ചും അൽ റവാസ് വിശദീകരിച്ചു. കണക്കുകൾ പ്രകാരം കൂടുതൽ സ്വദേശികൾ സ്വകാര്യ മേഖലകളിലും ഇ-കോമേഴ്സ് പോലുള്ള സെക്ടറുകളിലും ജോലി ചെയ്യാൻ സന്നദ്ധരാകണമെന്നും അൽ റവാസ് ചൂണ്ടിക്കാട്ടി.
പ്രാദേശിക വിപണി വളർച്ചയുടെയും ഗവൺമന്റിന്റെ റിപ്പോർട്ടുകളുടെയും കണക്കുകൾ പ്രകാരം ഇ-കോമേഴ്സ് വിപണി 2025ഓടെ 264 കോടി ഡോളറിലേക്കും 2030ഓടെ 657 കോടി ഡോളറിലേക്കുമുയരുമെന്നാണ് അനുമാനിക്കുന്നത്.
സാമ്പത്തികമായ നേട്ടം മാത്രമല്ല ഇതുവഴി രാജ്യത്തിനുണ്ടാവുകയെന്നും തൊഴിൽ മേഖലയിയെ സാധ്യതകൾ ഗണ്യമായി വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2028ഓടെ രണ്ടു ലക്ഷം തൊഴിലുകൾ മേഖലക്ക് സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.