ബംഗളുരു: ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പൂർണമായും ജാപ്പനീസ് ഉടമസ്ഥതയിൽ തുടങ്ങിയ ബംഗളുരുവിലെ സക്ര ആശുപത്രി 10 വർഷം പൂർത്തിയാക്കി. ജപ്പാൻ്റെ തനത് ചികിത്സാ സമ്പ്രദായത്തിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മോഡേൺ മെഡിസിൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സക്രക്ക് ലഭിച്ചത് വലിയ സ്വീകാര്യത. ടൊയോട്ടോ സുഹോ ആൻ്റ് സെകോം ആണ് ഉടമസ്ഥർ.
മികച്ച സ്വീകാര്യത ലഭിച്ചതോടെ ഒരു ആശുപത്രി കൂടി ഗ്രൂപ്പ് പ്രഖ്യാപിച്ചു. 1000 കോടി രൂപ ഇതിനായി നിക്ഷേപിക്കാനും തീരുമാനിച്ചു. ബംഗളുരു നഗരത്തിൻ്റെ വടക്കേ അറ്റത്തുള്ള ബാണസ്വാദിയിലാണ് 500 ബെഡുകളുള്ള പുതിയ ആശുപത്രി. ആതുര ശുശ്രൂഷയിൽ ഒരു ജാപ്പനീസ് ശൈലിയുണ്ട്. അത് ജപ്പാൻ്റെ പൈതൃക മൂല്യങ്ങളുടെ തുടർച്ചയാണ്. തികഞ്ഞ സഹാനുഭൂതിയാണ് അതിൻ്റെ കാതൽ. ബുദ്ധമത തത്വങ്ങളുമായി അതിന് അടുപ്പമുണ്ട്. വേദനയും അസ്വസ്ഥതകളും ഏറ്റവും കുറയ്ക്കുന്ന ശൈലി. രോഗിയെ അത്രമേൽ അനുകമ്പേയോടെ കൈകാര്യം ചെയ്യുന്നു. അതേ സമയം ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ജാപ്പനീസ് മാനേജ്മെൻറ് രീതികളും അതിൻറെ ക്ലാസിക് ശൈലിയിൽ തന്നെ പകർത്തിയിട്ടുണ്ട്.
റിഹാബിലിറ്റേഷൻ സെൻറർ ആണ് ഏറ്റവും അധികം ശ്രദ്ധേയമായത്. ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രയാസമാണെന്ന് എഴുതിത്തള്ളിയ പല കേസുകളും വിജയകരമായി.
മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് സക്ര. കാൻസർ ചികിത്സക്കും മുന്തിയ പരിഗണന നൽകുന്നു.
മറാത്തഹള്ളിയിലാണ് സക്രയുടെ നിലവിലുള്ള ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയ ആശുപത്രി 6 ലക്ഷം സ്ക്വയർ ഫീറ്റിൽ ആണ് നിർമ്മിക്കുന്നത്. 2026ൽ പ്രവർത്തനം തുടങ്ങും.