ലണ്ടൻ: യുകെയിൽ കുടിയേറ്റ വിരുദ്ധ സമരം കലാപമായി മാറി. സൗത്ത് പോർട്ടിലെ കത്തിയാക്രമണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 6 ദിവസത്തോളമായി തുടരുകയാണ്. ഇതിനകം 400 ഓളം പേർ പോലീസ് പിടിയിലായി. കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. കുടിയേറ്റക്കാരാണ് കൃത്യം ചെയ്തതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത സ്വദേശി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. കലാപകാരികൾ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ജനക്കൂട്ടം ഞായറാഴ്ച അഭയാർഥികളെ പാർപ്പിച്ചിരുന്ന രണ്ട് ഹോട്ടലുകൾ ആക്രമിക്കുകയും ജനാലകൾക്കു തീവയ്ക്കുകയും ചെയ്തു. പൊലീസിന് നേരെയും കലാപകാരികൾ അക്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പ്ലിമത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയാണ് ഏറ്റവും ഒടുവിൽ അക്രമം ഉണ്ടായത്. ബെല്‍ഫാസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമകാരികൾ പെട്രോൾ ബോംബുകള്‍ എറിഞ്ഞു. വിവിധയിടങ്ങളിൽ അക്രമത്തിൽ കടകള്‍ക്കും നാശനഷ്ടമുണ്ടായി. സർക്കാർ കലാപത്തെ ശക്തമായി നേരിടുകയാണ്. പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.