ലണ്ടൻ: ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് റിഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ വംശജർ പാർട്ടിയിൽ നിർണായക ശക്തിയായി തുടരും.
ഹൗസ് ഓഫ് കോമൺസിലെ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകാൻ നിരവധി നേതാക്കളാണ് മത്സര രംഗത്തുള്ളത്.
ഇന്ത്യൻ വംശജയും മുൻ ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേലാണ് മത്സരത്തിൽ മുന്നിലുള്ളത്. ഹോം സെക്രട്ടറി പദവി വഹിച്ചിരുന്ന മറ്റൊരു ഇന്ത്യൻ വംശജയായ സ്യൂവെല്ല ബ്രേവർമാനും റിഷി സുനകിന്റെ പിൻഗാമിയായി മത്സരിക്കുമെന്നാണ് സൂചനകൾ. മുൻ മന്ത്രിമാരായ കെമി ബാഡ്നോക്, ടോം ടുഗെൻഹട് എന്നിവരും രംഗത്തെത്തിയതോടെ മത്സരം കടുപ്പമാകും.
എസെക്സിലെ വിറ്റ്ഹാമിൽ നിന്നുള്ള എംപിയാണ് പ്രീതി പട്ടേൽ. 2010 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രീതിയുടെ അമ്മ ഗുജറാത്ത് സ്വദേശിയാണ്. ഗുജറാത്തിൽ കുടുംബ വേരുകൾ ഉള്ള പിതാവ് യുഗാണ്ട പൗരനും.
പാർട്ടിക്കുള്ളിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള 2 സ്ഥാനാർത്ഥികളിൽ നിന്ന് പാർട്ടി എംപിമാർ വോട്ട് ചെയ്താണ് പ്രതിപക്ഷ നേതാവിനെ കണ്ടെത്തുക.