• December 23, 2024

അബുദബി: വ്യക്തിഗത മാലിന്യ നിക്ഷേപം, സംഭരണം എന്നിവ അടങ്ങുന്ന പ്രക്രിയ സമ്പൂർണ ഡിജിറ്റലാക്കി അബുദാബി.


വെയ്സ്റ്റ് ബിന്നിനകത്തെ മാലിന്യങ്ങളുടെ അളവ്, ഇനം എന്നിവ ഡിജിറ്റൽ സ്ക്രീനിൽ തെളിയും. എത്ര മാലിന്യം ഉണ്ട്, എന്തു തരം മാലിന്യമാണ് തുടങ്ങിയ വിവരങ്ങൾ ആകും ഇത്. മാലിന്യ സംഭരണി സ്ഥാപിക്കുന്ന പ്രദേശത്തിന്റെ ആവശ്യങ്ങളും ഇതിനു തിരിച്ചറിയാനാവും.

നിറയാറാകുമ്പോൾ വിവരം തദ്‌വീർ കൺട്രോൾ സെന്ററിൽ അറിയിക്കാനുള്ള സംവിധാനവുമുണ്ട്. തിരഞ്ഞെടുത്ത മേഖലകളിൽ മാലിന്യ സംഭരണിയുടെ പരീക്ഷണ ഉപയോഗം നടത്തുകയാണിപ്പോൾ. മാലിന്യമിടുന്ന വ്യക്തികളെ നിരീക്ഷിക്കാനും സ്മാർട് ബിന്നിന് കഴിയും.

എന്തെല്ലാമാണ് പാഴാക്കുന്നത്, എത്ര മാലിന്യമാണ് ഒരു ദിവസം ഇടുന്നത്, എന്തു തരം മാലിന്യമാണിത് എന്നുള്ള വിവരങ്ങൾ ബിൻ ശേഖരിച്ച് വയ്ക്കും.

ബിൻ ഉപയോഗിക്കണമെങ്കിൽ ആദ്യം പോർട്ടലിൽ അക്കൗണ്ട് ഉണ്ടാക്കണം. അടിസ്ഥാന വിവരങ്ങൾ നൽകി കഴിയുമ്പോൾ സ്മാർട് ബിൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ക്യുആർ കോഡ് ലഭിക്കും. അതുപയോഗിച്ചു ബിൻ തുറക്കാം. മാലിന്യം ഇടുന്നതിനു മുൻപ് തന്നെ അതിന്റെ ഭാരവും ബിൻ കണക്കുകൂട്ടും.

മാലിന്യത്തിന്റെ അളവു സംബന്ധിച്ചു സ്മാർട് ബിൻ വിവരം നൽകും എന്നതിനാൽ മാലിന്യ ശേഖരണ ജീവനക്കാർക്ക് എല്ലാ ദിവസവും സ്ഥലത്ത് വരേണ്ട ആവശ്യമില്ല. ബിൻ നിറയുമ്പോൾ ലഭിക്കുന്ന സന്ദേശം അനുസരിച്ചു മാത്രം എത്തിയാൽ മതി.

ഓരോ മേഖലയിലെയും മാലിന്യം എങ്ങനെയുള്ളതാണെന്നും എത്രയുണ്ടെന്നതുമടക്കം ഇതുവരെ ശേഖരിക്കപ്പെടാത്ത വിവരങ്ങൾ സ്മാർട് ബിൻ സംവിധാനത്തിലൂടെ ലഭിക്കും.

വില്ലകൾ, അപാർട്മെൻ്റുകൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങൾ തരംതിരിച്ച് ഓരോ സ്ഥലത്തെയും മാലിന്യത്തിന്റെ വിവരങ്ങൾ ശേഖരിക്കാനും അതുവഴി മാലിന്യ സംസ്കരണം കൂടുതൽ എളുപ്പമാക്കാനും സ്മാർട് ബിന്നുകളിലൂടെ കഴിയും.

തദ്‌വീർ ഗ്രൂപ്പാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *