സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22% ശമ്പള വർധനയെന്ന സർക്കാർ നിർദേശത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ 66 ശതമാനം പേരും അനുകൂലിച്ച് വോട്ടു ചെയ്തതോടെ 18 മാസമായി തുടർന്ന് വന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി.
46000 പേരാണ് സർക്കാർ നിർദേശത്തിന്മേൽ ഓൺലൈനിലൂടെ അഭിപ്രായം അറിയിച്ചത്. നിലവിൽ സർക്കാർ നിർദേശം അംഗീകരിച്ചെങ്കിലും ഭാവിയിൽ പണപ്പെരുപ്പ നിരക്കിന് ആനുപാതികമായ ശമ്പള വർധന ഉണ്ടാകണമെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സർക്കാർ അധികാരത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി വെസ്‌ലി പോൾ വില്യം സ്ട്രീറ്റിങ് 22% ശമ്പള വർധനയ്ക്കുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു. ഒന്നര വർഷത്തോളമായി തുടർന്ന് വരികയായിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം രാജ്യത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരികയും ചെയ്തു. ഇതിന് പുറമെ സമരംമൂലം 1.7 ബില്യൺ പൗണ്ടിന്റെ നേരിട്ടുള്ള നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.