ജർമനിയിലെ റൈൻലാൻഡ്-പലാറ്റിനെറ്റ് സംസ്ഥാനത്തെ നഗരസഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മലയാളി വനിത.
കൊബേൺ ഗൊണ്ടോർഫ് നഗരസഭയിലേക്ക് തുടർച്ചയായി മൂന്നാം തവണയും വിജയമെന്ന അപൂർവ നേട്ടമാണ് മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിനി ഗ്രേസി ജോർജ് ഡാംകെ കൈവരിച്ചത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ചത്.
നഴ്സിംഗ് ഉന്നത പഠനത്തിനായി 50 വർഷം മുൻപാണ് ഗ്രേസി ജർമ്മനിയിൽ എത്തിയത്. ജർമൻ പൗരനായ ജോ ഡാംകെയെ വിവാഹം കഴിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകനായിരുന്ന ജോയോടൊപ്പം ഗ്രേസിയും രാഷ്ട്രീയ രംഗത്തേക്ക് കടക്കുകയായിരുന്നു. വാഹനാപകടത്തെ തുടർന്ന് ജോ മരിച്ചത് വലിയ ആഘാതമായെങ്കിലും സുഹൃത്തുക്കളുടെ പ്രേരണയിൽ രാഷ്ട്രീയത്തിലും പൊതു സേവന രംഗത്തും സജീവമായി. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ 11 സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഗ്രേസിക്കാണ്. ജില്ലയിൽ കുടിയേറ്റവും ഏകീകരണവും സംബന്ധിച്ച അഡ്വൈസറി കമ്മിറ്റിയിലും അംഗമാണ്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ രംഗത്തേക്കുള്ള മലയാളികളുടെ ചുവടുവെപ്പ് ശ്രദ്ധ നേടിക്കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിലേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെട്ടത് ആഴ്ചകൾക്കു മുൻപാണ്. യുകെയിലെ തദ്ദേശീയർക്ക് വൻ ഭൂരിപക്ഷമുള്ള ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നായിരുന്നു സോജൻ ജോസഫിന്റെ വിജയം. അങ്കമാലി സ്വദേശി ബേബി പെരേപ്പാടൻ അയർലൻഡിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടതും മകൻ ബ്രിട്ടോ പെരേപ്പാടൻ അതേ നഗരസഭാ കൗൺസിലിലേക്ക് വിജയിച്ചതും അടുത്തിടെയാണ്.