ദുബയ്: രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞതോടെ അതിന്റെ ഗുണം ലഭിക്കുക മുഖ്യമായും പ്രവാസികൾക്ക് ആയിരിക്കും. രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റിൽ വീണ്ടും താഴേക്ക് പോകുമെന്നാണ് പ്രവചനം. യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച് വരും വാരങ്ങളിലും ഇടിവ് തുടരാനാണ് സാധ്യത. യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് നിലവില്‍ 84 രൂപ 15 പൈസയാണെങ്കില്‍ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. അതേസമയം നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 43 ദിർഹം 91 ഫില്‍സ് നൽകിയാൽ മതിയാകും. അടുത്തിടെ ഇന്ത്യന്‍ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളില്‍ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ രൂപയുടെ തിരിച്ചുവരവ് അടുത്ത ഏതാനും മാസങ്ങളിലേക്കെങ്കിലും അത്ര എളുപ്പമാകില്ലെന്നുളള സൂചനകളും ഫോറക്സ് വിദഗ്ധർ നല്‍കുന്നു. പ്രത്യേകിച്ച് ഓഗസ്റ്റ് 2, 3 ആഴ്ചകളിൽ. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുളള ചാഞ്ചാട്ടമുണ്ടായിട്ടില്ല.