നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം പൂർത്തിയാക്കിയ ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി. ജർമ്മൻ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാമായ ഓസ്ബിൽഡങ്-നായി തെരഞ്ഞെടുക്കപ്പെട്ട നാല് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് തൊഴിൽ കരാറുകൾ കൈമാറിയത്. രേവതി കൃഷ്ണ, എലിസബത്ത് തോമസ്, ബെനിറ്റ പൗലോസ്, റോസ് മരിയ എന്നിവർ നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരിയിൽ നിന്ന് കോൺട്രാക്ട് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ഏപ്രിലിൽ നടന്ന അഭിമുഖ പരീക്ഷയിൽ വിജയിച്ച 42 പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ടു പേരാണ് ആദ്യഘട്ടത്തിൽ ഓസ്ബിൽഡങ് പ്രോഗ്രാമിൽ പങ്കെടുക്കുക. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇവർക്കുള്ള പരിശീലന പരിപാടികൾ ജർമ്മനിയിൽ ആരംഭിക്കും. ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി 34 പേരുടെ ജർമൻ ഭാഷ പഠനവും പുരോഗമിക്കുന്നുണ്ട്.
നഴ്സിംഗ് പഠനത്തോടൊപ്പം എട്ടുമണിക്കൂർ ജോലിയും ഉൾപ്പെടുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയാണ് ജർമ്മനി നടപ്പാക്കുന്ന ഓസ്ബിൽഡങ് പ്രോഗ്രാമിൽ ഉള്ളത്. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻ്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിൾ വിൻ പദ്ധതി നടപ്പാക്കുന്നത്.