2021 തുടക്കം മുതൽ ഈ വർഷം പകുതി വരെയുള്ള മൂന്നര വർഷത്തിനിടെ 339 മലയാളികൾ വിദേശ തൊഴിൽ റിക്രൂട്ട്മെൻറ് തട്ടിപ്പിന് ഇരയായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
രാജ്യത്താകെ ഇക്കാലയളവിൽ 4361 പേർ വിദേശ തൊഴിൽ തട്ടിപ്പിന് ഇരയായി. ഏറ്റവുമധികം ആളുകൾ ഇത്തരത്തിലുള്ള റിക്രൂട്ട്മെൻറ് തട്ടിപ്പിന് ഇരയായത് ആന്ധ്രപ്രദേശിൽ നിന്നാണ്; 2505 പേർ. തമിഴ്നാട്ടിൽ നിന്ന് 577 പേർ തട്ടിപ്പിനിരയായി. ആന്ധ്രയും തമിഴ്നാടും കേരളവും കഴിഞ്ഞാൽ തെലങ്കാന, രാജസ്ഥാൻ, ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് വിദേശ ജോലി തട്ടിപ്പ് കൂടുതലായി നേരിടേണ്ടി വന്നത്.
ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനുള്ള ഉത്തരമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇതു സംബന്ധിച്ച കൂടുതൽ കണക്കുകൾ വെളിപ്പെടുത്തി. സൈബർ തട്ടിപ്പ് പോലുള്ള ജോലികൾക്കായാണ് വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ ഇന്ത്യൻ യുവാക്കളെ നിയോഗിച്ചിരുന്നത്. ഇത്തരത്തിൽ 650 ഇന്ത്യക്കാരെ കമ്പോഡിയയിൽ നിന്നും 415 പേരെ മ്യാൻമാറിൽ നിന്നും 548 പേരെ ലാവോസിൽ നിന്നും തിരികെ കൊണ്ടുവന്നതായി മന്ത്രി അറിയിച്ചു.
കേരളത്തിൽ നിന്ന് 2023ൽ 110 പേരും ഈ വർഷം ഇതുവരെ 95 പേരും വിദേശ റിക്രൂട്ട്മെൻറ് തട്ടിപ്പിന് ഇരയായി. റഷ്യൻ സൈന്യത്തിൽ ചേർന്ന 69 ഇന്ത്യക്കാർ കൂടി തിരികെ എത്താനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട 91 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.