മസ്കറ്റ്: രാജ്യത്തെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 11 തൊഴിലുകളിൽ 6 മാസത്തേക്ക് വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ. കൂടുതൽ വകുപ്പുകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുക വഴി രാജ്യത്തെ പ്രവാസികളുടെ എണ്ണം നേർ പകുതിയാക്കുകയാണ് ലക്ഷ്യം. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ഗൾഫ് ജോലിയെന്ന സ്വപ്നത്തിന് വലിയ വെല്ലുവിളിയാണ് ഒമാൻ സർക്കാരിന്റെ പുതിയ നയം.
നിർമ്മാണ-ശുചീകരണ മേഖല, ലോഡിങ് -അൺലോഡിങ്, മേസൺ, സ്റ്റീൽ ഫിക്സർ, ജനറൽ ഇലക്ട്രീഷ്യൻ, തയ്യൽ, വെയിറ്റർ , പെയിന്റർ , പാചകം , ഹോം ഇൻസ്റ്റലേഷൻ ഇലക്ട്രീഷ്യൻ, ബാർബർ തുടങ്ങിയ മേഖലകളിലാണ് പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ ഈ തൊഴിൽ മേഖലകളിൽ ഉള്ളവരിൽ ഭൂരിഭാഗവും മലയാളികളാണ്.
നിലവിലുള്ള ജോലിക്കാർക്ക് വിസ പുതുക്കുന്നതിന് നിരോധനമില്ല. അതേസമയം പുതിയ ജോലികൾ ഒന്നും ഈ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് ലഭ്യമാവുകയില്ല. ആറു മാസത്തേക്കാണ് ഈ ജോലികളിലെ വിസ വിലക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
സ്വദേശികൾക്ക് രാജ്യത്ത് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്റ്റംബർ മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. വിവിധ ഘട്ടങ്ങളിലായി ഇതുവരെ രാജ്യത്തെ മുപ്പതിലധികം തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.