യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലേക്ക് മലയാളി നഴ്സുമാർക്ക് വൻതോതിൽ തൊഴിലവസരങ്ങൾ ലഭ്യമായേക്കും. കേരളത്തിൽ നിന്ന് ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് വഴി നഴ്സിംഗ് റിക്രൂട്ട്മെൻറ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ പ്രതിനിധി സംഘം ഇത് സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരിയുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്ത് പ്രതിവർഷം 7000-9000 പുതിയ നഴ്സിംഗ് പ്രൊഫഷണലുകൾക്ക് തൊഴിലവസരം ഉണ്ടാകുന്നുണ്ടെന്ന് ഓസ്ട്രിയൻ ട്രേഡ് കമ്മീഷണർ & കൊമേഴ്സ്യൽ കൗൺസിലർ ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ വ്യക്തമാക്കി. കെയർ ഹോം , ഹോസ്പിറ്റലുകൾ , ജെറിയാട്രിക്ക് ഹോമുകൾ തുടങ്ങിയ മേഖലകളിലാണ് അവസരങ്ങൾ ഉള്ളത്. കേരളത്തിൽ നിന്നുള്ള നേഴ്സുമാർ മികച്ച തൊഴിൽ നൈപുണ്യമുള്ളവരായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽനിന്ന് ജർമ്മനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെൻറ് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ഇതേ മാതൃകയിലാവും ഓസ്ട്രിയയിലേക്കുള്ള റിക്രൂട്ട്മെൻറ് പദ്ധതിയും നടപ്പാക്കുക.