മെൽബൺ: ഓസ്‌ട്രേലിയൻ സർക്കാർ രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവനകളെ വിലമതിക്കുന്നില്ലെന്ന് വിമർശനം. വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കമാണ് കടുത്ത വിമർശനത്തിന് വഴി വച്ചിരിക്കുന്നത്. മുൻനിര യുണിവേഴ്സിറ്റികളും അനുബന്ധ മേഖലകളിലെ പ്രമുഖരും വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രിയക്കാർക്ക് മാത്രം ഗുണം ചെയ്യുന്ന നീക്കം എന്നാണ് എതിർക്കുന്നവരുടെ വാദം. കുടിയേറ്റം കുറയ്ക്കാനുള്ള തീരുമാനം തിടുക്കത്തിൽ എടുത്തതാണെന്നും ഇവർ പറയുന്നു. രാജ്യാന്തര വിദ്യാർത്ഥി സമൂഹം ഓസ്‌ട്രേലിയക്ക് നൽകുന്ന സംഭാവനകളെ കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഓസ്‌ട്രേലിയ ചീഫ് ലൂക് ഷീഹി ചോദിക്കുന്നു. പൊതുബിൽ ആയാണ് സർക്കാർ ഇത് കൊണ്ടുവന്നിരിക്കുന്നത്. വിഷയത്തിൽ സഭക്ക് അകത്തും പുറത്തും വലിയ ചർച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ തോതിലുള്ള കുടിയേറ്റമാണ് ഓസ്‌ട്രേലിയയിലേക്ക് നടക്കുന്നത്. യുഎസ് കഴിഞ്ഞാൽ ഇന്ത്യക്കാരുടെ ഇഷ്ട ഇടമായി ആ രാജ്യം മാറിയിരുന്നു. മികച്ച നിലവാരമുള്ള വിദ്യാഭ്യാസം, തൊഴിൽ സാദ്ധ്യതകൾ, മികച്ച ജീവിത നിലവാരം, നല്ല കാലാവസ്ഥ എന്നീ ഘടകങ്ങളാണ് ആകർഷകമായി മാറിയിട്ടുള്ളത്.