രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കോവിഡ് കാലത്ത് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കു നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുന്നതിന്റെയും കുടിയേറ്റ നിയന്ത്രണങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍ നിയന്ത്രണം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണെന്നും കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ 10 ശതമാനം കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് പഠിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലയര്‍ പറഞ്ഞു.
അതേസമയം, വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 24.7 ബില്യന്‍ ഡോളറാണ് (ഏകദേശം 2 ലക്ഷം കോടി രൂപ) വിദേശ വിദ്യാര്‍ത്ഥികളിലൂടെ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ചതെന്നാണ് കണക്ക്.
ഇതിന് പുറമെ വിദേശ വിദ്യാര്‍ത്ഥികള്‍ വീട്ടുവാടക, ഭക്ഷണം, യാത്ര, വിനോദം തുടങ്ങിയവയ്ക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നുണ്ട്. ഇതില്‍ ഒരു ഭാഗമെങ്കിലും നഷ്ടമാകുന്നത് ആയിരങ്ങളുടെ തൊഴില്‍ ഇല്ലാതെയാക്കുകയും സാമ്പത്തികരംഗത്തെ ബാധിക്കുകയും ചെയ്യും.
എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ മൂലമാണ് രാജ്യത്തെ വീട്ടുവാടക അടക്കമുള്ള കാര്യങ്ങളില്‍ വര്‍ധനയുണ്ടായതെന്ന് ഓസ്‌ട്രേലിയയിലെ വലിയൊരു ഭാഗം ആളുകള്‍ വിശ്വസിക്കുന്നത്. വിദേശികള്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ അവസരങ്ങള്‍ കുറയ്ക്കുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്ന് ഓസ്‌ട്രേലിയയിലെ 42 ശതമാനം പേരുടെയും അഭിപ്രായമെന്നാണ് അടുത്തിടെ പുറത്തുവന്ന ചില സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.