- ‘ടീം ട്രംപ്’ റെഡി; ഇനി കൈമെയ് മറന്നുള്ള പോരാട്ടം
- ജെ ഡി വാൻസ് റിപ്പബ്ലിക്കൻസിന്റെ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തെ അതിജീവിച്ച ഡോണൾഡ് ട്രംപ് അമേരിക്കയുടെ 47 ാം പ്രസിഡൻ്റ് പദവിയിലേക്കുള്ള പോരാട്ടത്തിൽ വർദ്ധിത വീര്യത്തോടെ മുന്നേറ്റം തുടങ്ങി. ജൂലൈ 15ന് മിൽവാക്കിയിൽ ആരംഭിച്ച റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ ട്രംപിൻ്റെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒഹായോയിൽ നിന്നുള്ള യുവ സെനറ്റർ ജെ ഡി വാൻസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയാകും.
യേൽ യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർത്ഥിയും പിന്നീട് വെഞ്ച്വർ ക്യാപിറ്റലിസ്റ്റും ആയ ഈ 39 വയസുകാരൻ 2016 ല്‍ പുറത്തിറങ്ങിയ ആത്മകഥാംശമുള്ള ‘ഹിൽബില്ലി എലിജി’ എന്ന പുസ്തകത്തിലൂടെ പ്രശസ്തനായി. പുസ്തകത്തെ അടിസ്ഥാനമാക്കി ഇതേ പേരിൽ പിന്നീട് പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രവും ശ്രദ്ധേയമായി. യുഎസ് മറൈൻ വിഭാഗത്തിൽ സൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2023 ലാണ് ഒഹായോ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപ് മുൻപ് പ്രസിഡൻ്റായ 2016 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ കടുത്ത വിമർശകനായിരുന്നു ജെ ഡി വാൻസ്.
ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടേത് ഉൾപ്പെടെ വിവിധ പേരുകൾ ട്രംപിന്റെ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയുടേതായി പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം ജെ ഡി വാൻസിനും നിർണായകമായ ‘ഇന്ത്യൻ കണക്ഷൻ’ ഉണ്ടെന്നത് ശ്രദ്ധേയം. അദ്ദേഹത്തിൻ്റെ ഭാര്യ ഉഷ ചിലുകുറി ഇന്ത്യൻ വംശജയാണ്. ആന്ധ്രയിൽ നിന്നുള്ളവരാണ് ഉഷയുടെ മാതാപിതാക്കൾ. യേൽ യൂണിവേഴ്സിറ്റിയിൽ സഹപാഠികളായിരുന്നു വാൻസും ഉഷയും. നിയമ ബിരുദധാരിയായ ഉഷ കോർപ്പറേറ്റ് ലീഗൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. പൊതുവെ ഇന്ത്യൻ വംശജർക്ക് ട്രംപിനോടുള്ള അനുകൂല മനോഭാവം ഇത്തവണ വർദ്ധിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്.
വിദേശനയം, കുടിയേറ്റം, ചൈനയോടുള്ള സമീപനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഡോണൾഡ് ട്രംപിൻ്റെ നയങ്ങളോട് ചേർന്ന് നിൽക്കുന്ന സമീപനമാണ് ജെ ഡി വാൻസിന്റേതും. യുക്രെയിനുള്ള യുദ്ധ സാമ്പത്തിക സഹായം നിർത്തണമെന്ന പോളിസിക്കാരനാണ് വാൻസും. കത്തോലിക്കാ വിശ്വാസി കൂടിയായ വാൻസ് ഗർഭഛിദ്രത്തിനെതിരെ നിലകൊള്ളുന്ന യുവ സെനറ്റർമാരിൽ പ്രധാനിയാണ്. ഇത്തവണ തന്റെ രാഷ്ട്രീയ ജീവിതത്തിലെ അതിനിർണായകമായ പോരാട്ടത്തില്‍ വാന്‍സിന്റെ സ്ഥാനാര്‍ത്ഥിത്വം ട്രംപിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.