ജിൻസ് ജോസ്
യൂറോപ്പിലേക്കുള്ള മലയാളി കുടിയേറ്റത്തിന് അടിസ്ഥാനമിട്ടത് നഴ്സിംഗ് ആയിരുന്നു.
പ്രൊഫഷണൽ മികവ് കൊണ്ടും സേവന മനോഭാവം കൊണ്ടും മലയാളി നഴ്സിംഗ് പ്രൊഫഷനലുകൾ കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും ബ്രാൻഡ് അംബാസഡർമാർ ആയി മാറി.
ഐടി പ്രൊഫഷനലുകളും, ഡോക്ടർമാരും, ഗവേഷക വിദ്യാർത്ഥികളും രണ്ടാം ഘട്ട കുടിയേറ്റത്തിൻ്റെ ഭാഗമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന യൂറോപ്യൻ കുടിയേറ്റത്തിന്റെ മൂന്നാം ഘട്ടത്തിനാകട്ടെ, ഗതി വേഗം കൂടുതലാണ്.
യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർധിച്ചു. നഴ്സിംഗിനും ഗവേഷണത്തിനും പുറമേ വിവിധ തൊഴിൽ മേഖലകളിൽ മലയാളി പ്രൊഫഷനലുകളുടെ സാന്നിധ്യം ശക്തമായി. എണ്ണത്തിൽ കുറവെങ്കിലും പ്രവാസി മലയാളി സംരംഭകരും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഏറ്റവുമൊടുവിൽ യൂറോപ്പിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തന രംഗത്തും മലയാളികളുടെ മുന്നേറ്റം ദൃശ്യമാവുകയാണ്. ബ്രിട്ടന് പിന്നാലെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ മലയാളികളുടെ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവെപ്പ് ശ്രദ്ധ നേടിക്കഴിഞ്ഞു.
യുകെ രാഷ്ട്രീയത്തിൽ മലയാളി സമൂഹം നടത്തിയ മുന്നേറ്റം എടുത്തു പറയേണ്ടതുണ്ട്. ചരിത്രത്തിൽ ആദ്യമായി ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിലേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെട്ടത് ആഴ്ചകൾക്കു മുൻപാണ്. യുകെയിലെ തദ്ദേശീയർക്ക് വൻ ഭൂരിപക്ഷമുള്ള ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നായിരുന്നു കോട്ടയം കൈപ്പുഴ സ്വദേശിയും ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ സോജൻ ജോസഫിന്റെ വിജയം. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതുവരെ വിജയിച്ചിട്ടുള്ളത് കൺസർവേറ്റീവ് പാർട്ടിയുടെ തദ്ദേശീയരായ സ്ഥാനാർത്ഥികൾ മാത്രമായിരുന്നു എന്നത് ശ്രദ്ധേയം.
കൺസർവേറ്റീവ് പാർട്ടിക്കായി സൗത്ത്ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്ന് എറിക് സുകുമാരനും, ഗ്രീൻ പാർട്ടി പ്രതിനിധിയായി ബോൾട്ടൻ സൗത്ത് ആൻഡ് വാക്ഡൻ മണ്ഡലത്തിൽ നിന്ന് ഫിലിപ്പ് കൊച്ചിട്ടിയും ഇത്തവണ യുകെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. കോട്ടയം സ്വദേശി ബൈജു വർക്കി തിട്ടാല കേംബ്രിജ് സിറ്റിയുടെ മേയർ പദവിയിൽ എത്തിയതും ഏറെ ശ്രദ്ധ നേടി. ഏഷ്യൻ വംശജനായ ഒരാൾ കേംബ്രിജ് സിറ്റി കൗൺസിലിൽ മേയറാകുന്നത് ഇതാദ്യമായാണ്. ഓമന ഗംഗാധരൻ (ന്യൂഹാം), മഞ്ജു ഷാഹുൽ ഹമീദ് (ക്രോയിഡൺ), ഫിലിപ്പ് ഏബ്രഹാം (ലൗട്ടൺ), സുശീല ഏബ്രഹാം (കിംങ്സ്റ്റൺ അപ്പോൺ തേംസ്), ടോം ആദിത്യ (ബ്രാഡ്ലി സ്റ്റോക്ക്), മേരി റോബിൻ ആന്റണി (റോയിസ്റ്റൺ ടൗൺ), ബൈജു തിട്ടാല (കേംബ്രിജ്) എന്നിങ്ങനെ സമീപകാലത്ത് 7 മലയാളികളാണ് വിവിധ ബ്രിട്ടീഷ് സിറ്റി കൗൺസിലുകളിൽ മേയർ പദവി വഹിച്ചത്.
യൂറോപ്യൻ രാഷ്ട്രീയ ഭൂമികയിലെ ഈ മലയാളത്തിളക്കം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. 50 വർഷം മുൻപ് നഴ്സിംഗ് പഠനത്തിന് ജർമനിയിൽ എത്തിയ മലയാളി വനിതയുടെ വിജയ കഥയാണ് ഈ നിരയിൽ ഏറ്റവും പുതിയത്. ജർമനിയിലെ റൈൻലാൻഡ്-പലാറ്റിനെറ്റ് സംസ്ഥാനത്തെ കൊബേൺ ഗൊണ്ടോർഫ് നഗരസഭയിലേക്ക് തുടർച്ചയായി മൂന്നാം വിജയമെന്ന അപൂർവ നേട്ടമാണ് മൂവാറ്റുപുഴ സ്വദേശി ഗ്രേസി ജോർജ് ഡാംകെ കൈവരിച്ചത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ചു വിജയിച്ചത്.
മലയാളികളായ അച്ഛനും മകനും ഒരേ നഗരസഭ കൗൺസിലിൽ അംഗങ്ങൾ ആവുകയെന്ന അപൂർവതയ്ക്ക് വേദിയായത് അയർലൻഡിലെ ഡബ്ലിൻ ടാല കൗണ്ടിയാണ്. ഫിനഗേൽ പാർട്ടിയുടെ പ്രതിനിധികളായാണ് അങ്കമാലി സ്വദേശികളായ ബേബി പെരേപ്പാടനും, മകൻ ഡോ. ബ്രിട്ടോ പെരേപ്പാടനും തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നഗരസഭയിലേക്ക് തുടർച്ചയായ രണ്ടാമത്തെ ജയം നേടിയ ബേബി പെരേപ്പാടൻ ടാല കൗണ്ടി കൗൺസിൽ മേയറുമായി. അയർലൻഡിൽ മേയറാകുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.