ബീജിങ്: കഴിഞ്ഞ ദിവസം പൂർത്തിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനറി സമ്മേളനം രാജ്യത്തിനായി പുതിയ ചില ടാർഗെറ്റുകൾ കുറിച്ചിരിക്കുന്നു. 2029 ൽ ഈ സമ്മേളനം തീരുമാനിച്ചിട്ടുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കും. അക്കൊല്ലമാണ് ചൈനീസ് റിപബ്ലിക് അതിൻ്റെ 80-ാം വാർഷികം ആഘോഷിക്കുന്നത്. 2035ൽ രാജ്യം ഉന്നത നിലവാരമുള്ള സോഷ്യലിസ്റ്റ് മാർക്കറ്റ് ഇക്കോണമിയാകും. 2050ൽ എല്ലാ അർത്ഥത്തിലും മഹത്തരവും, ആധുനികവുമായ സോഷ്യലിസ്റ്റ് രാജ്യമാവുക.
പറഞ്ഞത് ചെയ്തിട്ടുള്ള രാജ്യമാണ് ചൈന. ഇപ്പറഞ്ഞതും അവർ ചെയ്യും. ലോകത്തിന് അക്കാര്യത്തിൽ സംശയമുണ്ടാവില്ല.
സ്വകാര്യ നിക്ഷേപം നിർലോഭം ആകർഷിക്കും. ലോക രാജ്യങ്ങളിൽ പലയിടത്തും സംഭവിക്കുന്ന ബ്രെയിൻ ഡ്രെയിൻ ചൈന അവസരമാക്കും. ആഗോള മികവിനെ അവർ അങ്ങോട്ട് ക്ഷണിക്കുന്നു.
നൈപുണ്യ വികസനത്തിനും അതുവഴിയുള്ള തൊഴിൽ ലഭ്യതക്കും പട്ടിണി നിർമാർജനത്തിനും കാര്യമായ ഊന്നൽ കൊടുക്കും.
നിലവിലുള്ള സാമ്പത്തിക നയത്തിൽ മാറ്റമില്ല. കാപിറ്റലിസ്റ്റ് കമ്യൂണിസം തന്നെ തുടരും. ഈ രണ്ട് വിരുദ്ധ ആശയങ്ങൾ സമന്വയിച്ച് സൃഷ്ടിച്ച അത്ഭുതങ്ങളുടെ ഒരു വേർഷൻ – 2 ആണ് ചൈനയിൽ കാണാനിരിക്കുന്നത്.
ഇന്ത്യയുടെ മാനുഫാക്ചറിങ് ഹബ് പ്രയോഗം വമ്പു പറച്ചിലും അതിശയോക്തിയുമാണെന്ന് ഒരാഴ്ച മുമ്പാണ് നാരായണ മൂർത്തി നിരീക്ഷിച്ചത്. രാജ്യം ആ അവസ്ഥയിലെത്താൻ ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയുമായി കാതങ്ങൾ അകലെയാണ്.
ചൈന പുതിയൊരു കുതിപ്പിനുള്ള ഒരുക്കത്തിലാണ്. ചൈനീസ് റിപബ്ലിക്ക് സ്ഥാപിതമായിക്കഴിഞ്ഞ് ഒരു തലമുറക്കാലത്ത് തന്നെ വികസിത രാജ്യമാവാൻ അവർക്ക് കഴിഞ്ഞു എന്നോർക്കുക.
ചൈനയിൽ ജനാധിപത്യം ഇല്ല, സാംസ്ക്കാരിക വൈവിധ്യം കുറവാണ്. മതങ്ങൾക്ക് സാമൂഹ്യ ഘടനയിൽ പ്രാധാന്യം കുറവാണ്. ഇതൊക്കെ പരിധിയില്ലാത്ത ചൈനീസ് വളർച്ചയ്ക്ക് അടിത്തറയാണ്.
1978 ലാണ് ചൈന ഓപ്പൺ മാർ ക്കറ്റ് പോളിസിയിലേക്ക് മാറുന്നത്. മൂന്ന് പതിറ്റാണ്ടിൽ താഴെയെ വേണ്ടി വന്നുള്ളൂ, അവർക്ക് ലോകത്തെ വലിയ സമ്പദ്ഘടനയായി വളരാൻ.
അതെ പൂച്ച കറുത്തതോ വെളുത്തതോ ആകട്ടെ ചൈന എലിയെ പിടിച്ചുകൊണ്ടേയിരിക്കുകയാണ്. ഡെൻ സിയാവോ പിങ് തുടക്കമിട്ട വിപ്ലവം മുന്നോട്ട് തന്നെ.