ബംഗ്ലാദേശിലെ ആഭ്യന്തര കലാപവും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജിയും ഇന്ത്യക്ക് കനത്ത വെല്ലുവിളി
പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യമായ ബംഗ്ലാദേശും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മറ്റു രാജ്യങ്ങളിൽ നിന്നു വിഭിന്നമായി, രൂക്ഷമായ ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് രാജ്യം വിടേണ്ടി വന്നത് ബംഗ്ലാദേശിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു. രാജ്യത്തിൻ്റെ ഭരണ നിയന്ത്രണം ഏറ്റെടുത്ത സെെനികമേധാവി വഖർ-ഉസ്-സമൻ ആണ് ഷെയ്ഖ് ഹസീനയുടെ രാജി വിവരം പുറത്തു വിട്ടത്. അതേ സമയം രാജിവച്ചൊഴിഞ്ഞ ശേഷം 45 മിനിറ്റുകൾക്കുള്ളിൽ രാജ്യം വിടണമെന്ന അന്തിമ നിർദ്ദേശം സെെന്യം നൽകിയെന്ന വാർത്തകളും പുറത്തുവന്നു. ഫലത്തിൽ ആഭ്യന്തര കലാപത്തിൻ്റെ ചുവടു പിടിച്ചുള്ള സെെനിക അട്ടിമറിയെന്ന് പറയുന്നതാവും ശരി.
ബംഗ്ലാദേശിനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ 1971ൽ ഇന്ത്യയുടെ പിന്തുണയോടെ നടത്തിയ യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറയ്ക്ക് സർക്കാർ ജോലികളിൽ നൽകിയിരുന്ന സംവരണവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. 2018 ഒക്ടോബറിൽ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് ഇത്തരത്തിലുള്ള സംവരണങ്ങൾ ഷെയ്ഖ് ഹസീന സർക്കാർ പൂർണമായി നിർത്തലാക്കിയിരുന്നു. എന്നാൽ മുൻ സൈനികരുടെ ബന്ധുക്കൾ ഇതിനെതിരെ നൽകിയ ഹർജിയിൽ മുൻപത്തേതു പോലെ സംവരണം പുനസ്ഥാപിക്കാൻ ജൂണിൽ രാജ്യത്തെ ഒരു ഹൈക്കോടതി ഉത്തരവിട്ടു. ഇതെത്തുടർന്ന് വീണ്ടും സർക്കാർ മുൻ സൈനികരുടെ ബന്ധുക്കൾക്ക് 30% സംവരണം ഏർപ്പെടുത്തി. ഇത് വീണ്ടും കനത്ത പ്രതിഷേധത്തിന് വഴിതെളിച്ചു. കാരണം സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും ഉള്ള സംവരണവും കൂടി പരിഗണിക്കുമ്പോൾ സർക്കാർ ജോലികളിൽ 56 ശതമാനത്തോളം സംവരണ സീറ്റുകളായി മാറി. വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി. പിന്നീട് സുപ്രീംകോടതി ഇടപെട്ട് ഹൈക്കോടതി വിധി റദ്ദാക്കിയെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.
അപ്പോഴും ഹസീനയുടെ സർക്കാർ വീഴുമെന്ന് ആരും കരുതിയില്ല. മുൻപുണ്ടായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയത് പോലെ ഇത്തവണയും അവർ ചെയ്യുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ വിദ്യാർത്ഥി പ്രക്ഷോഭം വൻ ആഭ്യന്തര കലാപമായി മാറിയതോടെ ഭരണകൂടം തെറിച്ചു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി പ്രക്ഷോഭം രാജ്യവ്യാപകമായി പടരുന്നതിന് മുൻകെെയെടുത്തു. പാക് ഐഎസ്ഐയുടെയും ചൈനയുടെയും അമേരിക്കൻ സിഐഎയുടെയും പങ്ക് സംശയിക്കപ്പെടുന്നുണ്ട്.
എതിർ ശബ്ദങ്ങളെ ശക്തമായി അടിച്ചമർത്തുമ്പോഴും രാജ്യത്തെ പുരോഗമനപരമായി ഭരിക്കുകയും സാമ്പത്തിക വളർച്ചയുടെ പാതയിൽ എത്തിക്കുകയും ചെയ്ത നേതാവാണ് ഷേയ്ഖ് ഹസീന. ഒരുവേള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച നിരക്ക് രേഖപ്പെടുത്തിയത് ബംഗ്ലാദേശ് ആണ്. രാഷ്ട്ര പിതാവായി പരിഗണിക്കപ്പെടുന്ന ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ പുത്രിയാണ് അവർ. ഇന്ത്യയുമായും മികച്ച നയതന്ത്ര ബന്ധം പുലർത്താൻ ഹസീന ശ്രദ്ധിച്ചു. സൈന്യത്തിന്റെ അന്തിമ മുന്നറിയിപ്പിനെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്ക്ക് നിലവിൽ അഭയം നൽകുന്നതും ഇന്ത്യ തന്നെയാണ്.
ദക്ഷിണേഷ്യൻ മേഖലയിലെ വിവിധ രാജ്യങ്ങളിലെ സ്വതവേ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. നമ്മളുമായി മികച്ച ബന്ധത്തിലായിരുന്ന ഒരു ഭരണകൂടം ബംഗ്ലാദേശിൽ താഴെ വീഴുമ്പോൾ പുതിയ പ്രതിസന്ധികൾക്ക് സാധ്യതയുണ്ട്. ചൈനയ്ക്കും പാക്ക് ഐഎസ്ഐക്കും മറ്റും സ്വാധീനമുള്ള ഭരണകൂടം വരുമെന്ന സാധ്യത തള്ളിക്കളഞ്ഞു കൂടാ. അതിനിടെ അമേരിക്കയ്ക്ക് ബംഗ്ലാദേശിൽ ഒരു നാവികത്താവളം നിർമിക്കാൻ പദ്ധതിയുണ്ടെന്ന രഹസ്യ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയർത്തുന്നതാണ് ബംഗ്ലാദേശിലെ പുതിയ സംഭവ വികാസങ്ങൾ.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…