മഹീന്ദ്ര ടൈറ്റിൽ സ്പോൺസർ
6 ടീമുകൾ, 4 വേദികൾ, സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ് -1 ൽ
കൊച്ചി: കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗിന് അടുത്ത മാസം 7ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കളിയാരവങ്ങൾക്ക് ആവേശം തീർക്കാൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ടീമുകളുടെ ലോഞ്ച് പൂർത്തിയായി വരികയാണ്. വലിയ തോതിലുള്ള നിക്ഷേപം കേരളത്തിൽ ഫുട്ബോളിലേക്ക് ഒഴുകിയെത്തുകയാണ്. നിക്ഷേപകർക്കും, ടീം ഉടമകൾക്കും നന്ദി പറയുന്നതായി കെഎഫ്എ പ്രസിഡൻ്റ് നവാസ് മീരാൻ പറഞ്ഞു.
ലീഗിന് മുന്നോടിയായി സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർസും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും തമ്മിലുള്ള ചാരിറ്റി മത്സരം സംഘടിപ്പിക്കും
കേരളത്തിലെ ഫുട്ബോൾ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദിയാകുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ കിക്ക് ഓഫിന് കേരളം പൂർണ്ണ സജ്ജരായിട്ടുണ്ടെന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സംസ്ഥാനം ആദ്യമായിട്ടാണ് ഫുട്ബാൾ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്.
ആദ്യ മത്സരം 7-ന് വൈകുന്നേരം 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറും. സൂപ്പർ ലീഗിന്റെ ഭാഗമായി വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനാണ് സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർസും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും പ്രത്യേക ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 30- നാണ് മത്സരം.
ഇതിനൊപ്പം ഒരു ഇൻഫ്ലൂൻസർ മത്സരവും സംഘടിപ്പിക്കും. കേരളാ ഫുട്ബോൾ അസോസിയേഷനും സ്കോർ ലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്.
പേടിഎം ആണ് ടിക്കറ്റിങ് പാർട്നർ.
കളിക്ക് പുറത്തും മനുഷ്യജീവിതങ്ങളെ പിന്തുണക്കേണ്ടതും, കഷ്ടതയനുഭവിക്കുന്നവർക്ക് താങ്ങായി നിൽക്കേണ്ടേതും കളിക്കാരുടെയും, കാണിയുടെയും ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തിലാണ് സൂപ്പർ ലീഗ് കേരള ചാരിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതെന്ന് സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു. മഞ്ചേരിയായിരിക്കും വേദി.
ഫോഴ്സാ കൊച്ചിഎഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശൂർ എഫ്സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുക. ലീഗ് 45 ദിവസം നീണ്ടു നിൽക്കും.
ഫുട്ബോൾ വെറുമൊരു കളി മാത്രമല്ല, അത് ഒരുമയുടെ പ്രതീകമാണ്. യുവ പ്രതിഭകൾക്ക് അവസരങ്ങൾ നൽകി സൂപ്പർ ലീഗ് കേരള ഇന്ത്യൻ ഫുട്ബോളിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കാനൊരുങ്ങുകയാണ്. കേരളത്തിലെ ഫുട്ബോളിന് മാത്രമല്ല, രാജ്യത്താകെ ഫുട്ബോളിനെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാൻ സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
സൂപ്പർ ലീഗ് കേരളയുടെ
ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളെക്കുറിച്ചും വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ വിശദീകരിച്ചു. സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.