തിരുവനന്തപുരം: ലോകകേരളം ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഓൺലൈൻ പോർട്ടലിൽ കേരളീയ പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം. www.lokakeralamonline.kerala.gov.in എന്ന വെബ്ബ്സൈറ്റിൽ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഡിജിറ്റൽ ഐ.ഡി കാർഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയർ (എൻആർകെ), അസ്സോസിയേഷനുകൾ, കൂട്ടായ്മകൾ എന്നിവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ലോക മലയാളികൾക്കായി സംസ്ഥാനസർക്കാർ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ലോക കേരള സഭയുടെ കഴിഞ്ഞ സമ്മേളനത്തിലാണ് അവതരിപ്പിച്ചത്. ആഗോള മലയാളികളുടെ ഡിജിറ്റൽ ഇടം എന്ന നിലയിലാണ് പ്ലാറ്റ്ഫോം സംവിധാനം ചെയ്തിരിക്കുന്നത്.
അവർക്ക് സംവദിക്കുന്നതിനും ആശയവിനിമയത്തിനുമുള്ള വേദിയായി അത് മാറും. യാത്ര, തൊഴിൽ, താമസം, വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് തുടങ്ങി പ്രവാസികളുടെ നിരവധി ആവശ്യങ്ങൾക്കുള്ള പിന്തുണ നെറ്റ്വർക്കിങ്ങിലൂടെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.