തുടർച്ചയായ രണ്ടാം വർഷവും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആഗോള തലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്’ മാഗസിൻ.
‘എ+ ‘ റേറ്റിംഗ് ലഭിച്ച 3 സെൻട്രൽ ബാങ്ക് ഗവർണർമാരുടെ ചുരുക്ക പട്ടികയിൽ നിന്നാണ് ശക്തികാന്ത ദാസ് തെരഞ്ഞെടുക്കപ്പെട്ടത്. പണപ്പെരുപ്പം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലെ കഴിവ് പരിഗണിച്ച് ‘എ+’ മുതൽ ‘എഫ്’ വരെയുള്ള റേറ്റിംഗുകളാണ് നൽകുന്നതെന്ന് ഗ്ലോബൽ ഫിനാൻസ് മാഗസിൻ അറിയിച്ചു.
‘എ+’ റേറ്റിംഗ് മികച്ച പ്രകടനത്തെ സൂചിപ്പിക്കുന്നു, അതേസമയം ഈ രംഗങ്ങളിലെ സമ്പൂർണ്ണ പരാജയത്തെ സൂചിപ്പിക്കുന്നതാണ് ‘എഫ്’ റേറ്റിംഗ്. ഡെൻമാർക്കിന്റെ ക്രിസ്റ്റ്യൻ കെറ്റിൽ തോംസെൻ, സ്വിറ്റ്സർലൻഡിന്റെ തോമസ് ജോർദാൻ എന്നിവരാണ് ശക്തികാന്ത ദാസിനൊപ്പം ‘എ+ ‘ റാങ്ക് ഉള്ളവരുടെ പട്ടിയിലുള്ളത്. ബ്രസീലിലെ റോബർട്ടോ കാംപോസ് നെറ്റോ, ചിലിയിലെ റൊസന്ന കുമാർ കോസ്റ്റ, മൊറോക്കോയുടെ അബ്ദല്ലത്തീഫ് ജൗഹ്‌രി, ദക്ഷിണാഫ്രിക്കയുടെ ലെസെറ്റ്‌ജ ക്ഗന്യാഗോ, ശ്രീലങ്കയുടെ നന്ദലാൽ വീരസിംഗ, വിയറ്റ്‌നാമിൻ്റെ എൻഗുയെൻ തി ഹോങ് എന്നിവർ ‘എ’ റേറ്റിംഗ് നേടി.
1994 മുതൽ ഗ്ലോബൽ ഫിനാൻസ് പ്രസിദ്ധീകരിക്കുന്ന സെൻട്രൽ ബാങ്കേഴ്‌സ് റിപ്പോർട്ട് കാർഡ്, യൂറോപ്യൻ യൂണിയൻ, ഈസ്‌റ്റേൺ കരീബിയൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് സെൻട്രൽ ആഫ്രിക്കൻ സ്‌റ്റേറ്റ്‌സ് എന്നിവയുൾപ്പെടെ നൂറോളം രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പ്രകടനം വിലയിരുത്തുന്നുണ്ട്.