• December 22, 2024

ലണ്ടൻ: പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് സംബന്ധിച്ച അഭ്യൂഹങ്ങൾ യുകെയിൽ പരന്ന് തുടങ്ങി.
പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ലിവിംഗ് വേജ് ഏതാണ്ട് നാലു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ മിനിമം വേതനം മണിക്കൂറില്‍ 12 പൗണ്ടോളം ആകും. അതുപോലെ ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഉണ്ടാകും. ഇതിനുള്ള മൊത്തം ചിലവ് 1.6 ശതമാനം വര്‍ദ്ധിച്ച് രണ്ടു ബില്യന്‍ പൗണ്ട് വരെ എത്തിക്കുമെന്നാണ് കരുതുന്നത്.
ഒക്ടോബര്‍ 30ന് ആണ് റേച്ചല്‍ റീവ്‌സ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. പൊതുചെലവില്‍ കാര്യമായ കുറവുകള്‍ ഉണ്ടായേക്കും. അതുപോലെ നികുതികള്‍ വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്. പൊതു ധനത്തില്‍ ഏതാണ്ട് 22 ബില്യന്‍ പൗണ്ടിന്റെ കമ്മി ഉണ്ടാക്കിയിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ ഭരണമൊഴിഞ്ഞതെന്ന് നേരത്തെ ചാൻസലർ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നികുതി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതയാകുമെന്ന സൂചനയാണിത് നൽകുന്നത്.
അധിക ചെലവിനുള്ള വരുമാനവും കണ്ടെത്തണം എന്നാകുമ്പോൾ നികുതി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതയാകും. പ്രധാനമായും ധനികരെയാണ് ചാന്‍സലര്‍ ഉന്നം വയ്ക്കുന്നത് എന്നാണ് പല പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സിലും ഇന്‍ഹെരിറ്റന്‍സ് ടാക്സിലുമായിരിക്കും മുഖ്യമായും വര്‍ദ്ധനവ് ഉണ്ടാവുക. ലോ പേ കമ്മീഷനാണ് മിനിമം വേജ് കണക്കാക്കുന്നത്. അവര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം 3.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇത് നടപ്പിലാക്കിയാല്‍, നിലവിലെ, മണിക്കൂറില്‍ 11.44 പൗണ്ട് എന്ന നിരക്കിലുള്ള മിനിമം വേതനം മണിക്കൂറില്‍ 11.89 പൗണ്ട് ആയി ഉയരും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും ഇത് നിലവില്‍ വരിക. അടുത്ത കാലങ്ങളില്‍ ഉണ്ടായ വര്‍ദ്ധനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ദ്ധനവ് കുറവാണെങ്കിലും 2025 ല്‍ പ്രതീക്ഷിക്കുന്ന ശരാശരി ശമ്പളത്തേക്കാള്‍ കൂടുതലാണിത്.

Leave a Reply

Your email address will not be published. Required fields are marked *