മദ്ധ്യപൂർവ ദേശത്തെ പ്രബല സൈനിക ശക്തികളെന്ന നിലയിൽ പതിറ്റാണ്ടുകളോളം ബദ്ധവൈരികളായി തുടരുന്ന ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം പുതിയൊരു തലത്തിൽ എത്തിയത് ഏപ്രിലിൽ സിറിയയിലെ ഇറാന്‍ നയതന്ത്രകാര്യാലയം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തതോടെയാണ്. തങ്ങളുടെ സൈനിക ജനറല്‍മാരടക്കം 13 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ഇസ്രയേല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. സ്വന്തം മണ്ണില്‍നിന്ന് ആയിരം കിലോമീറ്ററിലധികം അകലെയുള്ള ഇസ്രയേലിനെ ലക്ഷ്യമാക്കി നൂറു കണക്കിന് ഡ്രോണുകളും മിസൈലുകളും അയച്ചു. അവയിൽ ഭൂരിപക്ഷവും ഇസ്രയേലിന്റെ അയൺഡോം മിസൈൽ പ്രതിരോധ സംവിധാനം തകർത്തെങ്കിലും പശ്ചിമേഷ്യയെ ആശങ്കയുടെ മുൾമുനയിൽ നിർത്താൻ ഈ ആക്രമണങ്ങൾക്ക് കഴിഞ്ഞു. ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ഇറാൻ ഇസ്രയേലിനെ അക്രമിച്ചേക്കുമെന്ന ഭയപ്പാടിലാണ് ലോകം. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി ഇരു രാജ്യങ്ങളും തമ്മിൽ ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന് കരുതുന്ന നയതന്ത്ര വിദഗ്ദ്ധരുണ്ട്.
പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസാഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തങ്ങളുടെ അതിഥിയായി എത്തിയ ഹമാസ് മേധാവി ഇസ്‌മയിൽ ഹനിയയെ ടെഹ്റാനിലെ ഹോട്ടലിൽ വച്ച് കൊലപ്പെടുത്തിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ആക്രമണം നടത്തിയത് ഇസ്രയേലാണെന്നു ഹമാസും ഇറാനും ആരോപിച്ചതിന് പിന്നാലെ വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിക്കുകയായിരുന്നു. ഇറാന്റെ നേരിട്ടുള്ള അക്രമണത്തേക്കാൾ ഇറാൻ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടനയാവും തിരിച്ചടിക്കുകയെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങൾ വിലയിരുത്തുന്നു. തങ്ങളുടെ പൗരന്മാരോട് ലബനൻ വിടാൻ യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാരും ആശങ്കയിലാണ്. ഇറാൻ ആക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ അവർ വരും ദിവസങ്ങളിലേക്കു വേണ്ടിയുള്ള റേഷനും വെള്ളവും സംഭരിക്കുകയാണെന്നാണ് വിവരം. ഇന്ത്യ പൗരന്മാരോട് ജാഗ്രത പുലർത്താൻ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും നിർദ്ദേശം നൽകി.