• December 22, 2024

കണ്ണൂർ: തലശേരി ബ്രണ്ണൻ കോളേജിലെ ഗവേഷക വിദ്യാർത്ഥിനി ദൃശ്യ വിവിക്ക് സ്പെയിനിലെ മാഡ്രിഡിൽ നടന്ന 20-ാ മത് അന്താരാഷ്ട്ര ബൊട്ടാണിക്കൽ കോൺഗ്രസിൽ മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്കാരം. കാറ്റിലൂടെ വിതരണംചെയ്യപ്പെടുന്ന വിത്തുകളിൽ നടത്തിയ ഗവേ ഷണത്തിനാണ് ദൃശ്യയ്ക്ക് ഈ അന്താരാഷ്ട്ര അംഗീകാരം.
ആറുവർഷത്തിലൊരിക്കൽ മാത്രം ചേരുന്ന അന്താരാഷ്ട്ര ബൊട്ടാണിക്കൽ കോൺഗ്രസ് ജൂലായ് 21 മുതൽ 27 വരെ മാഡ്രിഡിലാണ് നടന്നത്. 90 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളംപേർ പങ്കെടുത്തിരുന്നു. 267 സിംപോസിയങ്ങളിലായി നടന്ന 1600-ലധികം വരുന്ന പ്രബന്ധാവതരണങ്ങളിൽ നിന്നാണ് ദൃശ്യയെ അവാർഡിനായി തിരഞ്ഞെടുത്തത്. 1000 യൂറോ
ആണ് അവാർഡ് തുക.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഡോ. സി. പ്രമോദിൻറ കീഴിലാണ് ദൃശ്യ ഗവേഷണം നടത്തുന്നത്. സർവകലാശാലാ സസ്യശാസ്ത്ര വിഭാഗത്തിൽ നിന്നു വിരമിച്ച അധ്യാപകൻ ഡോ. എ.കെ. പ്രദീപ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകൻ ഡോ. ടി.പി. സുരേഷ് എന്നിവരും ഗവേഷണത്തിൽ പങ്കാളികളാണ്. സർവകലാശാല ഫിസിക്സ് വിഭാഗത്തിലെ അധ്യാപകരായ ഡോ. മുഹമ്മദ് ഷാഹിൻ തയ്യിൽ, ഡോ. കെ.പി. സുഹൈൽ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകൻ ഡോ. എം. ദിലീപ്കുമാർ, ബ്രണ്ണൻ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകൻ ഡോ. സാബു എന്നിവർ സാങ്കേതിക മാർഗ നിർദേശങ്ങൾ നൽകി.
കഴിഞ്ഞ വർഷം കാസർകോട് നടന്ന 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധാവതരണത്തിന് പുരസ്കാരം ദൃശ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ബൊട്ടാണിക്കൽ ഇല്യുസ്ട്രേറ്റർ കൂടിയാണ് ദൃശ്യ. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ, ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോക്ക്, ആരണ്യകം നാച്യൂർ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്പേം ടാക്സോണമിയിലെ അംഗമാണ്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയാണ്. അഞ്ചരക്കണ്ടി വാഴവച്ചവളപ്പിൽ കെ. ചന്ദ്രൻറെയും വി.വി. നിഷയുടെയും മകളാണ്. സഹോദരൻ കുവൈറ്റിൽ ജോലി ചെയ്യുന്ന വി.വി. ശിഥിൽ.

Leave a Reply

Your email address will not be published. Required fields are marked *