കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നു. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് – 1 ലുള്ള ലുലു സൈബർ ടവറിൽ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് എം എസ് സി ഉദ്ദേശിക്കുന്നത്.
സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാന മേഖലയായി കേരളം അടയാളപ്പെടുത്തിയിരിക്കുന്ന മാരിടൈം മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണ കൂടിയാണിത്. ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഏറെ വൈകാതെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നു വരുന്നത് ശ്രദ്ധേയമാണ്. വിഴിഞ്ഞം ട്രയൽ റൺ തുടങ്ങുകയും, വല്ലാർപാടം കൂടുതൽ സജീവമാവുകയും ചെയ്തതോടെ കേരളം ഇന്ത്യയിലെ പ്രധാന മാരിടൈം ഡെസ്റ്റിനേഷനായി മാറുകയാണ്. മദർ ഷിപ്പുകളെത്തുന്ന ആദ്യ തുറമുഖം കൂടിയാണ് വിഴിഞ്ഞം.