• January 10, 2025

തിരുവനന്തപുരം: മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികളും പോളിടെക്‌നിക്ക്, ഐടിഐ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരും ഉൾപ്പെടെ 4000-ത്തോളം മലയാളികൾക്ക് തൊഴിൽ വാഗ്ദാനവുമായി ജർമനി.

രാജ്യത്തെ റെയില്‍വേ വകുപ്പ് നടപ്പാക്കുന്ന റെയില്‍പാത നിര്‍മാണ രംഗത്താണ് തൊഴിലവസരങ്ങൾ. ആറ് വര്‍ഷം കൊണ്ട് 9000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കുന്ന വൻ പദ്ധതിയാണ് ജർമനി നടപ്പാക്കുന്നത്. യോഗ്യരായവരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളുമായി ബന്ധപ്പെട്ട് ജര്‍മന്‍ സംഘം കേരളത്തിലെത്തി.

3500 യൂറോ (3 ലക്ഷത്തിലധികം രൂപ) വരെയാണ് പ്രതിമാസ ശമ്പളം. റെയില്‍വേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാന്‍ കമ്പനിക്കു വേണ്ടി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കേയ്സ്) ആണ് റിക്രൂട്ട്മെന്റ് നടത്തുക.

സമയ കൃത്യതക്ക് പേരുകേട്ട ജർമൻ റെയിൽ നെറ്റ്‌വർക്കിൽ അടുത്തിടെ ട്രാക്കുകളിലെ പ്രശ്‌നങ്ങള്‍ കാരണം ട്രെയിനുകള്‍ വൈകുന്നത് പതിവായതോടെയാണ് റെയില്‍പാത നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചത്. പദ്ധതി പൂർത്തിയാക്കാൻ വേണ്ട തൊഴില്‍ നൈപുണ്യമുള്ള മനുഷ്യവിഭവ ശേഷി രാജ്യത്ത് കുറവായതിനാല്‍ വിദേശത്തു നിന്നുള്ള റിക്രൂട്ട്മെന്റിന് ഡോയ്ച് ബാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ഏക്കിം ബര്‍ക്കാട്ടിന്റെ നിർദ്ദേശ പ്രകാരമാണ് കേരളത്തിലെത്തിയത്. അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങളുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ച് കേയ്സ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും.

അതിന് ശേഷം ജർമൻ ഭാഷാ പരിശീലനവും കൊച്ചി മെട്രോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും നൽകി ഇവരെ ജർമനിയിലേക്ക് അയക്കാനാണ് പദ്ധതി.

മന്ത്രി വി. ശിവന്‍കുട്ടി, കേയ്‌സ് എംഡി ഡോ. വീണ എന്‍. മാധവന്‍ തുടങ്ങിയവരുമായി ജർമൻ സംഘം കൂടിക്കാഴ്ച നടത്തി.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *

Close